വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തൃശ്ശൂർ: വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.ജൂലൈ 22 മുതല്‍ സമരം നടത്തുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ജൂലൈ എട്ടിന് സൂചനാ സമരം നടത്തും. നിരക്ക് വർധന ഉള്‍പ്പെടെ ബസുടമകള്‍ ഉന്നയിക്കുന്ന ആറ് പ്രധാന ആവശ്യങ്ങളില്‍ തീരുമാനമാകാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകള്‍ പുതുക്കി നല്‍കാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർത്ഥി കണ്‍സെഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകളില്‍ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ഉടമകള്‍ക്ക് അധിക സാമ്ബത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികള്‍ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയർമാൻ ഗോകുലം ഗോകുല്‍ദാസ് പറഞ്ഞു.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി ചെയർമാൻ ഹംസ എരികുന്നൻ ജനറല്‍ കണ്‍വീനർ ടി ഗോപിനാഥൻ എന്നിവർ പറഞ്ഞു. പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാള്‍ നേട്ടമുണ്ടാകുന്നത് കെഎസ്‌ആർടിസിക്ക് മാത്രമാണെന്നും ഇരുവരും ആരോപിച്ചു.