മയക്കുമരുന്ന്: ശ്രീകാന്തിനുപിന്നാലെ നടൻ കൃഷ്ണയും അറസ്റ്റില്‍
ചെന്നൈ: മയക്കുമരുന്ന് ഉപയോഗ കേസില്‍ നടൻ കൃഷ്ണ അറസ്റ്റിലായി. ബുധനാഴ്ച രാത്രി ഹാജരായ നടൻ കൃഷ്ണയെ 14 മണിക്കൂറിലധികം ചോദ്യം ചെയ്യുകയും വൈദ്യപരിശോധനക്കുശേഷം മജിസ്ട്രേട്ടിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.ഈ കേസില്‍ നടൻ ശ്രീകാന്ത് നേരത്തെ അറസ്റ്റിലായിരുന്നു. ശ്രീകാന്ത് ഇപ്പോള്‍ റിമാൻഡിലാണ്.
മയക്കുമരുന്ന് പാർട്ടികളില്‍ പതിവായി പങ്കെടുക്കുന്നയാളാണ് കൃഷ്ണയെന്ന് ശ്രീകാന്ത് നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വിഷ്ണു വർധന്റെ സഹോദരനാണ് കൃഷ്ണ. ചോദ്യംചെയ്യലില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് നടപടി സ്വീകരിച്ചത്.
ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവരുടെ ബന്ധങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചെന്നൈ ബസന്ത് നഗറിലെ വസതിയില്‍ രണ്ടു മണിക്കൂറോളം പൊലീസ് തിരച്ചില്‍ നടത്തി.
അതിനിടെ മയക്കുമരുന്ന് വിതരണം ചെയ്ത കെവിൻ എന്നയാളും അറസ്റ്റിലായി. കെവിന്റെ താമസസ്ഥലത്തുനിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.