അച്ഛന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു, മരുന്നുകളോട് പ്രതികരിക്കുന്നു; വി എ അരുണ്‍ കുമാര്‍


തിരുവനന്തപുരം: തന്റെ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ വി എ.അപകടനില തരണം ചെയ്ത് അച്ഛന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി.

ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

വി എസ് അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്‍, തീര്‍ച്ച.