എഴുത്തുകാരനും ചിന്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.1949ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തായിരുന്നു ജനനം. നാളിയാനി ട്രൈബല്‍ എല്‍.പി. സ്‌കൂള്‍, പൂച്ചപ്ര അറക്കുളം യു.പി. സ്‌കൂള്‍, മൂലമറ്റം ഗവ. സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. സിപിഐഎം (എംഎല്‍)ന്റെ സംഘാടകരില്‍ ഒരാളായിരുന്നു. 1975-ല്‍ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയില്‍ജീവിതം അനുഭവിച്ചു. ഡിആർസിസിപിഐ (എംഎല്‍) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
1989-ല്‍ അധഃസ്ഥിത നവോത്ഥാനമുന്നണിയുടെ ജാതിവിരുദ്ധ സമരത്തിന്റെ ഭാഗമായി മനുസ്‌മൃതി ചുട്ടെരിച്ചുകൊണ്ട് സലിംകുമാർ ദലിത് പ്രവർത്തനത്തില്‍ കേന്ദ്രീകരിച്ചു. 1999-ല്‍ ദലിത് ഐക്യസമിതി രൂപീകരിക്കാൻ നേതൃത്വം നല്‍കിയതും സലിംകുമാറായിരുന്നു. രക്തപതാക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യശബ്ദം ബുള്ളറ്റിൻ എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചു. കേരള ദലിത് മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. സംവരണവും സമവായത്തിൻ്റെ രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, നെഗ്രിറ്റ്യൂഡ് എന്നിവയാണ് പ്രധാന കൃതികള്‍.
അയ്യങ്കാളിയുടെ ലോകവീക്ഷണം, സംവരണം ദലിത് വീക്ഷണത്തില്‍, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം വംശമേധാവിത്വത്തിൻ്റെ സൂക്ഷ്മതലങ്ങള്‍ എന്നീ കൃതികളും രചിച്ചു. ‘കടുത്ത’ എന്ന ആത്മകഥയും പൂർത്തീകരിച്ചിട്ടുണ്ട്.