ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതല്‍ അരി ആവശ്യപ്പെടും; നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച: മന്ത്രി ജി ആര്‍ അനില്‍
ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതല്‍ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനില്‍. നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരിയാണ് ആവശ്യപ്പെടുന്നത്. ഓണവിപണി സപ്ലൈകോ വഴി സജീവമാക്കും.
450 രൂപയുടെ വെളിച്ചെണ്ണ സപ്ലൈ കോയില്‍ 270 രൂപയ്ക്കാണ് നല്‍കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി ഫലപ്രദമായി ഇടപെടും. പൊലീസ് മേധാവി നിയമനം ക്യാബിനറ്റ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതില്‍ പ്രതികരിക്കുന്നത് ശരിയായ രീതിയല്ല. സിപിഐഎം, സിപിഐ വ്യത്യാസമില്ലെന്നും മാന്തി വ്യക്തമാക്കി.
സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ട് വരെ നീട്ടിയതായി മന്ത്രി അറിയിച്ചു. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും.
നാലാം തീയതി മുതല്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇന്ന് ഉച്ച വരെ 76 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.