Fincat

ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍


ടെല്‍അവീവ്: ഇസ്രയേലില്‍ വീണ്ടും ആക്രമണം. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. ആക്രമണത്തെ ജെറുസലേം അടക്കം ഇസ്രായേല്‍ നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച്ച ഡോണള്‍ഡ് ട്രംപിനെ കാണും. ഗാസ, ഇറാൻ വിഷയത്തില്‍ സുപ്രധാന ചർച്ചകളുണ്ടായേക്കും. അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച്ചയാണ് വാഷിങ്ടണിലെത്തുക. ഇറാനെതിരായ ആക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്. ഇറാനുമായി അമേരിക്കയുടെ ചർച്ചകള്‍ അടഞ്ഞിരിക്കെയാണ് നെതന്യാഹു അമേരിക്കയിലെത്തുന്നത്. ഇതിനിടെ, ഇസ്രയേല്‍ ആക്രമിച്ച എവിൻ തടവറ ഇറാൻ പുതിയ ആയുധമാക്കുകയാണ്. തടവറയില്‍ ചാരപ്രവർത്തനത്തിന് പിടിയിലായ മൊസാദ് ഏജന്റുമാർ ഉള്‍പ്പടെയുള്ളവരെ കൊലപ്പെടുത്താനാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് ആരോപണം. എന്നാല്‍ ഇതിനോടകം ഇത്തരം തടവുകാരെ അവിടെ നിന്ന് മാറ്റിയെന്നും മറ്റു തടവുകാരും തടവുകാരെ കാണാനെത്തിയ ബന്ധുക്കളും ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്നും ഇറാൻ വ്യക്തമാക്കുന്നു.