പ്രവാസികള്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
ഈ വര്‍ഷം എന്‍.ഡി.പി.ആര്‍.ഇ.എം വഴി 1500 പേര്‍ക്ക് സംരംഭക വായ്പ ലക്ഷ്യം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സംരംഭകത്വ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലൂടെ നടപ്പു സാമ്പത്തികവര്‍ഷം 1500 പ്രവാസി സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പകള്‍ക്കുളള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ 14 ജില്ലകളിലും ബാങ്ക് മീറ്റിംഗുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. പ്രവാസി വനിതകള്‍ക്കായി പ്രത്യേക സ്വയംതൊഴില്‍, സംരംഭകത്വ ബോധവത്കരണം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെയും സേവനങ്ങളുടേയും വിശദാംശങ്ങളെയും കുറിച്ച് സി.എം.ഡി. അസോസിയേറ്റ് പ്രൊഫ. പി.ജി. അനില്‍ വിശദീകരിച്ചു. ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ശില്പശാലയില്‍ നല്‍കി. കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കുവാന്‍ കഴിയുന്ന നൂതന ബിസിനസ്സ് ആശയങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി ഇതിനോടകം തന്നെ 8000 അധികം സംരംഭങ്ങള്‍ ആരംഭിക്കാനായെന്നും സംരംഭകത്വ പരിശീലന ക്ലാസില്‍ അദ്ദേഹം വ്യക്തമാക്കി. ലോണ്‍ സെക്യൂരിറ്റിയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ബാങ്കുകള്‍ നിരസിക്കാതെ ആരോഗ്യകരമായി ലോണ്‍ എടുക്കുന്നതിനും അദ്ദേഹം നിര്‍ദേശം നല്‍കി. സി.എം.ഡി. പ്രൊജക്ട് ഓഫീസര്‍ സ്മിത ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.എം.ഡി. ഓഫീസര്‍ ഷിബു ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നോര്‍ക്ക അസിസ്റ്റന്റ് ഷിജി നന്ദിയും അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് ക്യാമ്പസിലെ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്പശാലയില്‍ ഇരുനൂറോളം പ്രവാസികള്‍ പങ്കെടുത്തു.