ആന്റിജന്‍ കൊള്ള’ പലയിടത്തും തോന്നിയ നിരക്ക്

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകാരുടെ കൊള്ള. കോവിഡ് ആന്റിജൻ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതൽ ഈടാക്കിയാണ് സ്വകാര്യ ലാബുകൾ ജനങ്ങളെ പിഴിയുന്നത്. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജൻ പരിശോധനയ്ക്ക് 625 രൂപയാണ് നിരക്ക്. എന്നാൽ പല സ്വകാര്യ ലാബുകളിലും 800 മുതൽ 950 രൂപ വരെ ഈടാക്കുന്നതായാണ് പരാതി.
മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ലാബിൽ 800 രൂപയാണ് കോവിഡ് ആന്റിജൻ പരിശോധനയുടെ നിരക്ക്. 625 രൂപ ആന്റിജൻ പരിശോധനയ്ക്കും 175 രൂപ ആന്റിജൻ കൺസ്യൂമബിൾസ് എന്ന പേരിലുമാണ് ഈടാക്കുന്നത്. ഇതേ ലാബിന് മീറ്ററുകൾക്കപ്പുറത്തെ സ്വകാര്യ ലാബിൽ 950 രൂപയാണ് ആന്റിജൻ പരിശോധനയുടെ നിരക്ക്.

ആന്റിജൻ പരിശോധനയ്ക്ക് 625 രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്കെന്നും ഇതിൽ കൂടുതൽ ഈടാക്കാൻ അനുവാദമില്ലെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

മാസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകൾക്ക് വിവിധ കോവിഡ് പരിശോധന നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. കോവിഡ് പരിശോധന നടത്താൻ അനുമതി നൽകിയ ലാബുകളുടെ പേര് വിവരങ്ങളും പരിശോധനകളുടെ നിരക്കും സർക്കാർ പുറത്തുവിട്ടിരുന്നു.
ആർ.ടി- പി.സി.ആർ. പരിശോധനയ്ക്ക് 2750 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. സിബിനാറ്റിന് 3000 രൂപയും ട്രൂനാറ്റിന് ആദ്യഘട്ടത്തിൽ 1500-ഉം രണ്ടാംഘട്ടം ആവശ്യമാണെങ്കിൽ വീണ്ടും 1500-ഉം അടയ്ക്കണം. ഏറ്റവും വേഗത്തിൽ ഫലമറിയാവുന്ന സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കോവിഡ് പരിശോധനയാണ് ആന്റിജൻ. സംസ്ഥാനത്തെ നൂറിലേറെ ലാബുകളിലാണ് ആന്റിജൻ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിനിടെയാണ് സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതൽ ഈടാക്കി സ്വകാര്യ ലാബുകൾ ജനങ്ങളെ പിഴിയുന്നത്.