ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം, മാണ്ഡിയില്‍ മരിച്ചവരുടെ എണ്ണം 11ആയി
ദില്ലി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി.കാണാതായ 34 പേർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ ഇന്നും തെരച്ചില്‍ നടത്തും. ചണ്ഡിഗഡ് മണാലി ദേശീയ പാത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചത് മൂലം വിനോദ സഞ്ചാരികള്‍ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്.
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും കാണാതായവർക്കായി ഇന്നും തെരച്ചില്‍ തുടരും. മധ്യ പ്രദേശിലും, ഉത്തർ പ്രദേശിലും, രാജസ്ഥാനിലും കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ജൂലൈ 7വരെ വടക്കൻ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് മഴ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.