കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു

 

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. സാരമായ പരുക്കില്ല. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി.

അപകടത്തില്‍ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും മാധ്യമങ്ങളോട് പ്രതികരിച്ചു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. സര്‍ജറി ഓര്‍ത്തോ പീഡിക്‌സിന്റെ സര്‍ജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്.