ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിഷേധക്കാര്‍, സംഘര്‍ഷം; ലാത്തി, ജലപീരങ്കി
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ തകർന്നുവീണ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവിന്റെ മരണത്തില്‍, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം.ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളില്‍ ജലപീരങ്കി പ്രയോഗിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലെത്തി. ആരോഗ്യ മന്ത്രിയുടെ കോലവുമായി പ്രതിഷേധിച്ചെത്തിയ പ്രവർത്തകർ ആശുപത്രി കാവടത്തിനു മുന്നില്‍ ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിൻ വർക്കി തുടങ്ങി യുവ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രി കവാടത്തിന് മുന്നിലെ പോലീസ് ബാരിക്കേഡ് മുകളില്‍ കയറിയ പ്രവർത്തകർ പൊലീസിന് നേരെ മുദ്രാവാക്യം വിളിച്ചു. വീപ്പയും കൊടികളും കല്ലും പൊലീസിന് നേരെയെറിഞ്ഞു. ഇതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി വീണാ ജോർജിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.