ബാബര്‍ അസമിനെയും മറികടന്നു, അടുത്ത കളിയില്‍ ലക്ഷ്യം ഏകദിന ഡബിള്‍, തുറന്നു പറഞ്ഞ് വൈഭവ് സൂര്യവന്‍ഷി
വോഴ്സെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിനത്തിലെ അവസാന മത്സരത്തില്‍ ലക്ഷ്യമിടുന്നത് ഏകദിന ഡബിള്‍ സെഞ്ചുറിയെന്ന് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി.ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ വൈഭവ് 78പന്തില്‍ 143 റണ്‍സടിച്ച് റെക്കോര്‍ഡിട്ടിരുന്നു. യൂത്ത് ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് പതിനാലുകാരനായ വൈഭവ് ഇന്നലെ സ്വന്തമാക്കിയത്.
14 വയസും 241 ദിവസവും പ്രായമുള്ളപ്പോള്‍ യൂത്ത് ഏകദിന സെഞ്ചുറി നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്‍റോ, 15 വയസും 48 ദിവസവും പ്രായമുള്ളപ്പോള്‍ യൂത്ത് ഏകദിന സെഞ്ചുറി നേടിയ മുന്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എന്നിവരെയാണ് 14 വയലും 100 ദിവസവും പ്രായമുള്ള വൈഭവ് ഇന്നലെ പിന്നിലാക്കിയത്. യൂത്ത് മത്സരങ്ങളില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഇന്നലെ വൈഭവ് സ്വന്തം പേരിലാക്കി. 52 പന്തിലാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്. 53 പന്തില്‍ സെഞ്ചുറിയിലെത്തിയ പാകിസ്ഥാന്‍ താരം കമ്രാന്‍ ഗുലാമിന്‍റെ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്.
മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ റെക്കോര്‍ഡിട്ടുവെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും സെഞ്ചുറി നേടിയശേഷം ടീം മാനേജര്‍ അങ്കിത് ആണ് റെക്കോര്‍ഡിന്‍റെ കാര്യം പറഞ്ഞതെന്നും മത്സരശേഷം വൈഭവ് പറഞ്ഞു. അടുത്ത മത്സരത്തില്‍ 200 റണ്‍സ് അടിക്കാന്‍ ശ്രമിക്കുമെന്നും 50 ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കിമെന്നും വൈഭവ് പറഞ്ഞു. താന്‍ കൂടുതല്‍ റണ്‍സടിക്കുന്നത് ടീമിന് ഗുണകരമാണെന്നും വൈഭവ് പറഞ്ഞു.
അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 2018ല്‍ കെനിയക്കെതിരെ 191 റണ്‍സ് നേടിയ ശ്രീലങ്കന്‍ താരം ഹസിത ബോയഗോഡയുടെ പേരിലാണ്. ഇന്ത്യൻ താര്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 2002ല്‍ ഇംഗ്ലണ്ടിനെതിരെ 177 റണ്‍സടിച്ച അംബാട്ടി റായുഡുവിന്‍റെ പേരിലും.
ഇന്നലെ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ 52 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഏഴ് സിക്സും 10 ഫോറും പറത്തിയാണ് മൂന്നക്കം കടന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷവും ക്രീസില്‍ തുടര്‍ന്ന വൈഭവ് ഒടുവില്‍ 143 റണ്‍സെടുത്താണ് മടങ്ങിയത്. 13 ഫോറും 10 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. ഇന്ത്യ ജയിച്ച പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സടിച്ച വൈഭവ് ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച രണ്ടാം മത്സരത്തില്‍ 34 പന്തില്‍ 45ഉം ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ 31 പന്തില്‍ 86 റണ്‍സും നേടിയിരുന്നു. ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു.