എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യൻ വിജയഗാഥ; ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം; 336 റണ്‍സിന് തകര്‍ത്തു
എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്ബൻ ജയം. ഇംഗ്ലണ്ടിനെ 336 റണ്‍സിന് തകർത്തു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്തായി.എഡ്ജ്ബാസ്റ്റണില്‍ ഇത് ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതിന് മുമ്ബ് 7 തോല്‍വിയും ഒരു സമനിലയും ആയിരുന്നു ഇന്ത്യയുടെ ഫലം. 58 വർഷത്തിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ജയിക്കുന്നത്.
ഇന്ത്യ ഉയർത്തിയ 608 റണ്‍സെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരത്തില്‍ ഒപ്പത്തിനൊപ്പം എത്തി. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. ആകാശ് ദീപ് ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ആറു വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകർത്തത്. ഒന്നാം ഇന്നിങ്‌സില്‍ താരം നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 99 പന്തില്‍ നിന്ന് നാലു സിക്സും ഒമ്ബത് ഫോറുമടക്കം 88 റണ്‍സാണ് താരം എടുത്തത്. മൂന്നിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.