കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം:മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാംഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.