Fincat

യു.എ.ഇ ഗോൾഡൻ വിസ ഇനി ആർക്കും സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

 

ദുബൈ: നിക്ഷേപങ്ങളില്ലാതെയും റിയൽ എസ്റ്റേറ്റ് വാങ്ങാതെയും ഇന്ത്യക്കാർക്ക് യുഎഇയുടെ ഗോൾഡൻ വിസ നേടാൻ പുതിയ നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള നയം യുഎഇ പ്രഖ്യാപിച്ചു. 100,000 ദിർഹം (ഏകദേശം 23.30 ലക്ഷം രൂപ) ഫീസ് അടച്ച് ദീർഘകാല താമസാനുമതി നേടാൻ ഇത് വഴി സാധിക്കും. പ്രാഥമിക ഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമായി 5,000ൽ അധികം അപേക്ഷകരെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. റയാദ് ഗ്രൂപ്പ് വഴിയാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടത്.

 

മുമ്പ്, ദുബൈയിലെ ഗോൾഡൻ വിസ നേടുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്ന് കുറഞ്ഞത് രണ്ട് ദശലക്ഷം ദിർഹം (ഏകദേശം 4.66 കോടി രൂപ) മൂല്യമുള്ള വസ്തുവിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ രാജ്യത്ത് വലിയ തുക ബിസിനസിൽ നിക്ഷേപിക്കുകയോ ആയിരുന്നു. എന്നാൽ, പുതിയ നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള വിസ നയം വരുന്നതോടെ, 23.30 ലക്ഷം രൂപ ഫീസ് അടച്ച് ഇന്ത്യക്കാർക്ക് ആജീവനാന്തം യുഎഇയുടെ ഗോൾഡൻ വിസയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഗുണഭോക്താക്കളും പ്രക്രിയയിൽ പങ്കെടുത്തവരും പിടിഐയോട് പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ 5,000-ൽ അധികം ഇന്ത്യക്കാർ ഈ നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള വിസയ്ക്ക് അപേക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കേണ്ടേ വിധം

 

നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ വിസയുടെ ആദ്യഘട്ട പരീക്ഷണത്തിനായി ഇന്ത്യയെയും ബംഗ്ലാദേശിനെയും ആണ് തിരഞ്ഞെടുത്തത്. ഇന്ത്യയിൽ ഈ വിസയുടെ പ്രാഥമിക രൂപം പരീക്ഷിക്കുന്നതിനായി റയാദ് ഗ്രൂപ്പ് എന്ന കൺസൾട്ടൻസിയെ തിരഞ്ഞെടുത്തിട്ടുണ്ട്. യുഎഇ ഗോൾഡൻ വിസയ്ക്ക് നോമിനേഷൻ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ദുബായ് സന്ദർശിക്കാതെ തന്നെ സ്വന്തം രാജ്യത്ത് നിന്ന് പ്രാഥമിക അനുമതി നേടാവുന്നതാണ്. എന്നാൽ, അപേക്ഷകന് യുഎഇയുടെ വിപണിക്കും ബിസിനസ് പ്രവർത്തനങ്ങൾക്കും സംസ്കാരം, ധനകാര്യം, വ്യാപാരം, ശാസ്ത്രം, സ്റ്റാർട്ടപ്പ്, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ എങ്ങനെ പ്രയോജനം ചെയ്യാനാകുമെന്ന് പശ്ചാത്തല പരിശോധനയിലൂടെ വ്യക്തമാക്കണം.

 

പശ്ചാത്തലം പരിശോധിക്കും

ഇന്ത്യക്കാർക്ക് യുഎഇയുടെ ഗോൾഡൻ വിസ നേടാനുള്ള സുവർണ്ണാവസരമാണിതെന്ന് റയാദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റയാദ് കമാൽ അയൂബ് പറഞ്ഞു. ഒരു അപേക്ഷകൻ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, ആദ്യം അവരുടെ പശ്ചാത്തലം പരിശോധിക്കും. ഇതിൽ കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ റെക്കോർഡ് പരിശോധനകളും അവരുടെ സോഷ്യൽ മീഡിയയും ഉൾപ്പെടുമെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. ഇതിന് ശേഷം, റയാദ് ഗ്രൂപ്പ് അപേക്ഷ സർക്കാർ സംവിധാനത്തിലേക്ക് അയക്കും. നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ വിസയിൽ അന്തിമ തീരുമാനം എടുക്കുന്നത് സർക്കാരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വൺ വാസ്കോ സെന്‍ററുകൾ (വിസ കൺസിയർജ് സേവന കമ്പനി) വഴിയോ, രജിസ്റ്റർ ചെയ്ത ഓഫീസുകൾ വഴിയോ, ഓൺലൈൻ പോർട്ടൽ വഴിയോ, കോൾ സെന്‍റർ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങൾ

 

ഗോൾഡൻ വിസ ലഭിച്ചാൽ ദുബായിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം ലഭിക്കും. ഈ വിസയുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക തൊഴിലാളികളെയും ഡ്രൈവർമാരെയും വയ്ക്കാനാകും. യുഎഇയിൽ ഏതൊരു ബിസിനസോ പ്രൊഫഷണൽ ജോലിയോ ചെയ്യാമെന്നും റയാദ് കമാൽ പറഞ്ഞു. വസ്തുവകകളെ അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ വിസ, വസ്തു വിൽക്കുകയോ ഭാഗം വെക്കുകയോ ചെയ്താൽ അവസാനിക്കുമെന്നും എന്നാൽ നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള വിസ ശാശ്വതമായി നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യ – യുഎഇ ബന്ധം 

 

യുഎഇ സർക്കാരിന്‍റെ ഈ സംരംഭവും ഈ വിസയ്ക്കായി ആദ്യ രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തതും ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബിസിനസ്, സാംസ്കാരിക, ഭൗമരാഷ്ട്രീയ ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. 2022 മെയ് മാസം മുതൽ പ്രാബല്യത്തിൽ വന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ശേഷം ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്.