Fincat

ലിവിങ് ടുഗെതര്‍ പങ്കാളിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; യുവതിയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് രക്ഷപ്പെട്ടു

 

ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിദ്വാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാല് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും ദീര്‍ഘകാലമായി ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ സ്വദേശികളായ ഇവര്‍ ഹരിദ്വാറില്‍ ജോലി സ്ഥലത്തിനടുത്താണ് താമസിച്ചിരുന്നത്.

പ്രദീപ് പാല്‍ (28) എന്ന യുവാവാണ് 22കാരിയായ ഹന്‍സിക യാദവിനെ ഹരിദ്വാറിലെ സിദ്കുല്‍ എന്ന് സ്ഥലത്തുവെച്ച് തിങ്കളാഴ്ച ഉച്ചയോടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കമല്‍ ഭണ്ഡാരി പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ അകന്ന് കഴിയുകയായിരുന്നു എന്നാണ് വിവരം. സിദ്കുലിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയുകയായിരുന്ന ഹന്‍സിക, ജോലിക്കായി പുറത്തേക്ക് പോകുമ്പോള്‍ പ്രദീപ് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. അതിനുശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.

ഹന്‍സികയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒളിവില്‍പോയ പ്രദീപിനെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഹന്‍സികയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവ് സംശയിച്ചിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.