പെരുമണ്‍ ; 37 വര്‍ഷം, ഇന്നും അജ്ഞാതമായ ദുരന്ത കാരണം
37 വര്‍ഷം മുമ്പ് കൊല്ലം ജില്ലയിലെ പെരുമണ്‍ റെയില്‍വേ പാലം ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് ഇടം നേടിയത് ഒരു ദുരന്തത്തിലൂടെയായിരുന്നു. 1988 ജൂലൈയ് 8. ബെംഗളരുവില്‍ നിന്നും പതിവ് പോലെ കന്യാകുമാരിയിലേക്ക് തിരിച്ച ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിലേക്ക് കടക്കുമ്പോള്‍ സമയം അര്‍ദ്ധ രാത്രി 12.56. നിമിഷ നേരം കൊണ്ട് ഐലന്‍ഡ് എക്‌സ്പ്രസിന്റെ 10 ബോഗികള്‍ അതിലുറങ്ങിയിരുന്നവരുമായി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞു. യാത്രക്കാരും രക്ഷാപ്രവര്‍ത്തകരും അടക്കം 105 പേരുടെ ജീവനാണ് ആ രാത്രി നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ ദുരന്തകാരണം അന്വേഷിക്കാന്‍ രണ്ട് കമ്മീഷനുകളെയായിരുന്നു റെയില്‍വേ നിയോഗിച്ചത്.
അന്നത്തെ റെയില്‍വെ സുരക്ഷാ കമ്മീഷണറായിരുന്ന സൂര്യനാരായണന്റെ നേതൃത്വത്തിലുള്ള കമ്മീഷനായിരുന്നു ആദ്യം ദുരന്ത കാരണം അന്വേഷിച്ചത്. രണ്ടാമത്, റിട്ടയേഡ് എയര്‍മാര്‍ഷല്‍ സി എസ് നായ്ക്കും ദുരന്ത കാരണം അന്വേഷിച്ച് പെരുമണ്ണിലെത്തി. പക്ഷേ, അന്തിമ റിപ്പോര്‍ട്ട് റെയില്‍വേ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചുഴലിക്കാറ്റാണ് അപകട കാരണമെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിവരാവകാശ രേഖകള്‍ റെയില്‍വേ തള്ളി. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറ്റില്ലെന്നായിരുന്നു റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ മറുപടി. അപ്പീലുകള്‍ പോയെങ്കിലും അതും റെയില്‍വേ തള്ളുകയായിരുന്നു.
റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കിലും ചുഴലിക്കാറ്റെന്ന വാദം അംഗീകരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായിരുന്നില്ല. കാരണം, അങ്ങനെയൊരു കാറ്റ് വീശിയതായി മറ്റ് അടയാളങ്ങളൊന്നും പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നത് തന്നെ. ഒടുവില്‍ 2019 -ല്‍ അപകട കാരണം കണ്ടെത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് പോലീസും കേസ് അന്വേഷണം അവസാനിപ്പിച്ചു. അതേസമയം ട്രാക്കുകളുടെ അലൈമെന്റുകളെ കുറിച്ചും ട്രെയിന്‍ കോച്ചുകളുടെ വീലുകളിലെ തകരാറുകളെ കുറിച്ചും ചില അഭ്യൂഹങ്ങളും ഇതിനിടെ ഉയര്‍ന്നു. ഒപ്പം പാലത്തില്‍ കയറുമ്പോള്‍ ട്രെയിന്‍ അമിത വേഗതയിലായിരുന്നുവെന്ന ദൃക്‌സാക്ഷി വിവരണങ്ങളും തള്ളപ്പെട്ടു. അത്തരം കാര്യങ്ങള്‍ സംബന്ധിച്ച് ഔദ്ധ്യോഗിക വിശദീകരണങ്ങളൊന്നും റെയില്‍വേയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. 37 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ദുരന്തത്തിന്റെ ഓര്‍മ്മകളുമായി ജീവിക്കുന്നവര്‍ പെരുമണ്‍ സ്മൃതി മണ്ഡലത്തിലെത്തുന്നു. തങ്ങളുടെ ജീവിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്നും തിരിച്ചറിയാത്ത ആ അജ്ഞാത ദുരന്ത കാരണത്തെ കുറിച്ച് ഓര്‍ത്ത് അവര്‍ നിശബ്ദരായി മടങ്ങുന്നു.