Fincat

റിലീസ് 9000 സ്‌ക്രീനുകളില്‍? ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് ഇടാന്‍ ആ ചിത്രം

ഇന്ത്യയില്‍ ഏത് ഭാഷകളിലുമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ റിലീസിനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരിലേക്കുള്ള റീച്ച് സുഗമമാക്കാനായി വിവിധ ഭാഷകളിലെ അഭിനേതാക്കളെ വെക്കുന്നതും ഇന്ന് സാധാരണയാണ്. വന്‍ ബജറ്റില്‍ ചിത്രം ഒരുക്കി, മികച്ച പ്രൊമോഷനും റിലീസുമൊക്കെയായി മാക്‌സിമം കളക്ഷനാണ് അത്തരം ചിത്രങ്ങള്‍ ലക്ഷ്യമിടാറ്. റിലീസിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് മാക്‌സിമം തിയറ്ററുകളില്‍ ചിത്രം എത്തിക്കുക എന്നതാണ്. ആദ്യ ഷോയിലെ അഭിപ്രായങ്ങള്‍ പ്രേക്ഷകരെ സ്വാധീനിക്കും എന്നതിനാല്‍ മികച്ച ഓപണിംഗ് കളക്ഷന്‍ നേടുന്നതിനും ഇത് ആവശ്യമാണ്. ഇപ്പോഴിതാ റിലീസ് സ്‌ക്രീന്‍ കൗണ്ടില്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഒരു ഇന്ത്യന്‍ ചിത്രം.

ഹൃത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന വാര്‍ 2 ആണ് ആ ചിത്രം. ഓഗസ്റ്റ് 14 ന് എത്താനിരിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ റിലീസ് ആയിരിക്കും വാര്‍ 2 ന്റേത്. സിയാസതിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 9000 സ്‌ക്രീനുകളിലാണ് ചിത്രം എത്തുക. റിലീസ് സ്‌ക്രീന്‍ കൗണ്ടിന്റെ കാര്യത്തില്‍ ഇതുവരെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഷങ്കറിന്റെ രജനികാന്ത് ചിത്രം 2.0 ആയിരുന്നു. 2018 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ത്യയില്‍ 7500 സ്‌ക്രീനുകളിലാണ് എത്തിയത്.

കിയാര അദ്വാനി നായികയാവുന്ന ചിത്രത്തില്‍ അശുതോഷ് റാണയും അനില്‍ കപൂറും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2019 ല്‍ പുറത്തെത്തിയ വാര്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രമാണ്. എന്നാല്‍ സംവിധായകന്‍ മറ്റൊരാള്‍ ആയിരുന്നു. പഠാന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് വാര്‍ സംവിധാനം ചെയ്തത്. അതേസമയം ബ്രഹ്‌മാസ്ത്ര പാര്‍ട്ട് 1 അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് അയന്‍ മുഖര്‍ജി. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അബ്ബാസ് ടയര്‍വാലയാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.