Fincat

സർക്കാരിനെതിരെ കടുപ്പിച്ച് സമസ്ത; മദ്രസ വിദ്യാഭ്യാസത്തെ സ്കൂൾ സമയമാറ്റം ബാധിക്കുന്നതിൽ പ്രത്യക്ഷ സമരത്തിനിറങ്ങും

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന വാദം തെറ്റാണെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വരയെ മദ്രസ പഠനം ഉള്ളു എന്ന സർക്കാർ വാദം ശരിയല്ല, പന്ത്രണ്ടാം ക്ലാസ് വരെയും മദ്രസ പഠനം ഉണ്ടെന്നും സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിവരിച്ചു.

ഹൈ സ്കൂളിൽ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സർക്കാർ വാദവും ശരിയല്ലെന്ന് സമസ്ത ചൂണ്ടികാട്ടുന്നുണ്ട്. എൽ പിയും, യു പിയും ഹൈസ്കൂളും ഒന്നിച്ചുള്ള സ്കൂളുകളിൽ ഒരുമിച്ചാണ് പഠനം തുടങ്ങുക. ഇത് മദ്രസ പഠനത്തെ ബാധിക്കും. സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ്. പരാതി ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലെന്നും വിമർശനമുണ്ട്. സ്കൂൾ പ്രവർത്തി സമയകുറവ് പരിഹരിക്കാൻ പ്രവർത്തി ദിവസം കൂട്ടുകയാണ് വേണ്ടതെന്നും സമസ്ത ആവശ്യപ്പെട്ടു. അല്ലാതെ മദ്രസ പഠനം തടസപെടുന്ന രീതിയിൽ സമയം മാറ്റുക അല്ല വേണ്ടതെന്നും അവർ വ്യക്തമാക്കി.

2007 ൽ എം എ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്കൂൾ സമയം 8 മണി ആക്കാൻ നീക്കം നടത്തി. അന്ന് സമരം നടത്തി തോൽപ്പിച്ചത് സമസ്ത അടക്കമുള്ള സംഘടനകൾ ആണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സമയമാറ്റവും സമരത്തിലൂടെ പരിഹരിക്കേണ്ട സാഹചര്യമാണുള്ളത്. മുസ്ലിംലീഗ് ഈ പ്രശ്നം ഏറ്റെടുക്കണം. എല്ലാ സംഘടനകളും പിന്തുണക്കണം എന്നാണ് സമസ്തയുടെ ആഗ്രഹമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വേനൽ അവധിക്കാലം കുറച്ച് സ്കൂൾ സമയനഷ്ടം പരിഹരിക്കണമെന്നും സമസ്ത നിർദ്ദേശിച്ചു.

നേരത്തെ സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. ജൂൺ മാസത്തിൽ നടന്ന സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന പരിപാടിക്കിടെയായിരുന്നു ജിഫ്രി തങ്ങൾ നേരിട്ട് വിമർശനം നടത്തിയത്. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുന്നുവെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം സർക്കാരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു മാസത്തോളമായിട്ടും സർക്കാർ ചർച്ചക്ക് പോലും ക്ഷണിക്കാത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.