Fincat

ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച്‌ മനസുതുറന്ന് വിരാട് കോലി


ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച്‌ ആദ്യമായി പ്രതികരിച്ച്‌ വിരാട് കോലി.ഇന്നലെ ലണ്ടനില്‍ നടന്ന യുവരാജ് സിംഗ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനുള്ള കാരണം വ്യക്തമാക്കിയത്.
എല്ലാവരും ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയെ മിസ് ചെയ്യുന്നുവെന്ന് പരിപാടിയുടെ അവതാരകനായ ഗൗരവ് കപൂര്‍ വിരാട് കോലിയെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞപ്പോഴായിരുന്നു വേദിയിലെത്തിയശേഷം കോലി ഇക്കാര്യത്തെക്കുറിച്ച്‌ മനസുതുറന്നത്. ഞാനെന്‍റെ താടി രണ്ട് ദിവസം മുമ്ബാണ് കളര്‍ ചെയ്തത്. എല്ലാ നാലു ദിവസം കുടുമ്ബോഴും താടി കളര്‍ ചെയ്യേണ്ടിവരുമ്ബോള്‍ തന്നെ തിരിച്ചറിവുണ്ടാകുമല്ലോ, നമ്മുടെ സമയമായെന്ന് എന്നായിരുന്നു കോലിയുടെ തമാശ കലര്‍ന്ന മറുപടി. മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ക്രിസ് ഗെയ്ല്‍, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്സണ്‍, ബ്രയാന്‍ ലാറ, ആശിഷ് നെഹ്റ എന്നിവര്‍ക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തന്‍റെ കരിയറിലുടനീളം വലിയൊരു സംരക്ഷനായി നിന്ന മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടുള്ള കടപ്പാടും നന്ദിയും കോലി തുറന്നു പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച മാറ്റങ്ങള്‍ സാധ്യമാവില്ലായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ അത്രമാത്രമുണ്ടായിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ വരുന്ന ചോദ്യശരങ്ങളില്‍ നിന്ന് അദ്ദേഹം എല്ലായ്പ്പോഴും ഒരു പരിചപോലെ എന്നെ സംരക്ഷിച്ചു. അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലാവുമായിരുന്നു. എന്‍റെ കരിയർ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

ഇന്ത്യൻ ടീമിലെത്തിയ കാലത്ത് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗുമെല്ലാം നല്‍കിയ പിന്തുണയും ഉപദേശങ്ങളുമാണ് തന്നിലെ ക്രിക്കറ്ററെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചതെന്നും അവരുമായി എക്കാലത്തും അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും കോലി പറഞ്ഞു.