Fincat

കാക്കിയണിയാന്‍ മോഹന്‍ലാല്‍; ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ വരുന്നത് കോമഡി ത്രില്ലര്‍

വന്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേത് എന്ന കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. മോഹന്‍ലാലിന്റെ പേരിനൊപ്പം യുവതലമുറയിലെ പല ശ്രദ്ധേയ സംവിധായകരുടെയും പേരുകള്‍ സമീപകാലത്ത് കേട്ടിട്ടുണ്ട്. അപ്കമിംഗ് പ്രോജക്റ്റുകള്‍ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരങ്ങളെല്ലാം. എന്നാല്‍ അതിലൊന്നുപോലും ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഒരു നവാഗത സംവിധായകനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്. മോഹന്‍ലാലിന്റെ കരിയറിലെ 365-ാം ചിത്രം ആരാധകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ്.

കോമഡിക്ക് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. ഇന്നലെ പുറത്തെത്തിയ പ്രോജക്റ്റ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ത്തന്നെ ഒരു പൊലീസ് യൂണിഫോം ഉണ്ടായിരുന്നു. ഒരു എസ് ഐ കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. പൊലീസ് ഓഫീസര്‍ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും (മോണ്‍സ്റ്റര്‍, ട്വല്‍വ്ത്ത് മാന്‍) ഉടനീളം യൂണിഫോമില്‍ എത്തുന്ന ഒരു കഥാപാത്രത്തെ ഏറെക്കാലമായി അവതരിപ്പിച്ചിട്ടില്ല. പോസ്റ്ററില്‍ യൂണിഫോം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പുതിയ ചിത്രത്തിലെ നായകന്റെ അപ്പിയറന്‍സ് അങ്ങനെയാവാനാണ് സാധ്യത.

സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഈ പ്രോജക്റ്റ് അനൗണ്‍സ്‌മെന്റ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ നടനായും അഞ്ചാംപാതിരയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറും ആയിരുന്ന ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. അഞ്ചാം പാതിരാ, തല്ലുമാല അടക്കമുള്ള വിജയചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച നിര്‍മ്മാണ കമ്പനിയായ ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി സിനിമ ചെയ്യുന്നു എന്നതും ഈ ചിത്രത്തിന്മേലുള്ള കൗതുകമാണ്.

ഇനിയും പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന് എല്‍ 365 എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കാനാണ് അണിയറക്കാരുടെ പ്ലാന്‍. മറ്റ് അണിയറക്കാരെയും താരങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വരും നാളുകളില്‍ പുറത്തെത്തും.