ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അന്തിമ അനുമതി ലഭിച്ചു; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് അനുമതി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക്
ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കി ഇന്‍സ്‌പേസ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ഇന്‍സ്‌പേസിന്റെ അനുമതി ലഭിച്ചത്.
നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്താനുമതി നല്‍കിയിരുന്നു. ഇന്‍സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ഓതറൈസേഷന്‍ സെന്റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വര്‍ഷത്തേക്കാണ് ഇന്‍സ്‌പേസ് സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇനി സ്‌പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാല്‍ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി തുടങ്ങാനാകും. സ്റ്റാര്‍ലിങ്കിന് ഒപ്പം എസ്ഇഎസിനും ഇന്‍സ്‌പെസ് അനുമതി നല്‍കി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്
ദില്ലി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷന്‍ -ഒന്ന് എല്‍ഇഒ വഴി ഇന്റര്‍നെറ്റ് സേവനങ്ങല്‍ നല്‍കാനുള്ള അനുമതി നല്‍കിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷന്‍ -ഒന്ന്.
ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലടക്കം അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് തീരുമാനം സഹായകരമാകും. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നടക്കം അനുമതി ലഭിച്ചശേഷമായിരിക്കും പ്രവര്‍ത്തനമാരംഭിക്കാനാകുക. അഞ്ചുവര്‍ഷത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ബഹിരാകാശ മേഖലയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യന്‍ നയത്തിനും പുതിയ തീരുമാനം നിര്‍ണായകമാകും.