താനൂർ എം.എൽ.എയും വാട്ടർ അതോറിറ്റിയുമാണ് അരീക്കാട് റോഡിന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദികളെന്ന് യു.ഡി.എഫ്
താനാളൂർ : 2021 മുതൽ താനൂർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയിൽ റീസ്റ്റോറേഷൻ തുക വകയിരുത്താതെ പദ്ധതിയുണ്ടാക്കിയ എം.എൽ.എയും വാട്ടർ അതോറിറ്റിയുമാണ് അരീക്കാട് തലപ്പറമ്പ് അയ്യായ റോഡിന്റെയും മറ്റു ഗ്രാമീണ റോഡുകളുടെയും ദുരവസ്ഥയ്ക്ക് ഉത്തരവാദിയെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫിയും യു.ഡി.എഫ് നേതാക്കളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2015ൽ അന്നത്തെ പൊന്നാനി എം.പിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഒരു കോടി രൂപ ചെലവഴിച്ച് 1674 മീറ്റർ നിർമ്മാണം നടത്തിയ റോഡാണ് അയ്യായ റോഡ് – അരീക്കാട് തലപ്പറമ്പ് റോഡ്, അഞ്ചുവർഷ മെയിന്റനൻസ് കാലാവധി പൂർത്തിയാക്കി ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലേക്ക് കൈമാറിയ റോഡിന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫിയുടെ നിർദ്ദേശപ്രകാരം 2022-23 വാർഷിക പദ്ധതിയിൽ പ്രൊജക്റ്റ് നമ്പർ 948/22 പ്രകാരം ഒരു കോടി രൂപ അനുവദിക്കുകയും ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുകയും ചെയ്തിട്ടുള്ളതാണ്.
2022 സെപ്റ്റംബർ മാസത്തിൽ പ്രസ്തുത റോഡിൽ ജലജീവൻ മിഷൻ പദ്ധതിക്കായി ട്രഞ്ച് കീറാൻ അനുമതിക്കായി വാട്ടർ അതോറിറ്റി കത്ത് നൽകിയതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രവൃത്തി പൂർത്തീകരിക്കാൻ 2023 മാർച്ച് 31നുള്ളിൽ സാധ്യതയില്ലാത്തതിനാലും ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ ലാപ്സാവാതിരിക്കാൻ ഡിവിഷനിലെ മൂന്ന് റോഡുകളിലേക്ക് പുതിയ പദ്ധതി വയ്ക്കുകയും സാങ്കേതിക അനുമതിയും ടെണ്ടറും നടത്തി എഗ്രിമെൻറ് വെക്കുകയും പദ്ധതി പൂർത്തീകരിക്കുകയും ചെയ്തു.
താനാളൂർ ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിക്കായി കീറിയിട്ട റോഡുകളിൽ റീസ്റ്റോറേഷന് തുക വകയിരുത്തിയിട്ടില്ലാത്തതിനാലും യാതൊരു ദീർഘവീക്ഷണവുമില്ലാതെ അനുമതി കൊടുത്തതിനാലും വർഷങ്ങളായി റോഡുകൾ തകർന്നു കിടക്കുന്ന അനുഭവമുള്ളതിനാൽ വാട്ടർ അതോറിറ്റിയുടെ അപേക്ഷ പരിഗണിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് താനാളൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറോഡ് റീസ്റ്റോറേഷൻ തുകയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ നിർദ്ദേശിക്കുകയും പഞ്ചായത്ത് എ.ഇ നൽകിയ റീസ്റ്റോറേഷൻ എമൗണ്ട് പ്രകാരമുള്ള തുക കെട്ടിവെച്ച് റീസ്റ്റോറേഷൻ കരാർ വെച്ച് അനുമതി നൽകാൻ തീരുമാനിച്ചത് വാട്ടർ അതോറിറ്റിയെ അറിയിക്കുകയും ചെയ്തു.
താനൂർ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകളിൽ റിസ്റ്റോറേഷൻ തുക അടവാക്കുന്നതിനോ റിസ്റ്റോറേഷൻ ചെയ്യുന്നതിനോ തുക യാതൊന്നും സർക്കാർ അനുവദിച്ചിട്ടില്ല. ആയത് തദ്ദേശസ്ഥാപനങ്ങൾ തന്നെ ചെയ്യണമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. എന്നാൽ തൊട്ടടുത്ത മറ്റ് നിയോജക മണ്ഡലങ്ങളിൽ റീസ്റ്റോറേഷൻ ഉൾപ്പെടെയാണ് ജലജീവന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കിയതിനാൽ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം റീസ്റ്റോറേഷൻ തുക അടവാക്കുകയോ വാട്ടർ അതോറിറ്റി നേരിട്ട് റീസ്റ്റോറേഷൻ ചെയ്യുകയാണെങ്കിൽ ആയതിന്റെ കരാർ ഹാജരാക്കുന്ന മുറക്കോ അനുമതി നൽകാവുന്നതാണെന്ന് മറുപടി നൽകിയെങ്കിലും വാട്ടർ അതോറിറ്റിയിൽ നിന്ന് മറുപടിയൊന്നുമുണ്ടായില്ല.
താനാളൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ താനൂർ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിൽ നിരന്തരമായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയ സാഹചര്യത്തിൽ 26-10-2023 നാണ് റീസ്റ്റോറേഷൻ തുക കൂടി അനുവദിക്കാൻ സർക്കാർ നിർബന്ധിതമായത്. എന്നിട്ടും വാട്ടർ അതോറിറ്റി 2024 മാർച്ച് രണ്ടിനാണ് ഗ്രാമ പഞ്ചായത്ത് എ.ഇ സമർപ്പിച്ച റീസ്റ്റോറേഷൻ എസ്റ്റിമേറ്റ് 10% തുകയുടെ ബോണ്ട് നൽകി കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അറിയിച്ചത്. അപ്പോഴും സർക്കാർ നിയമപ്രകാരമുള്ള എൽ.എസ്.ജി.ഡി, കെ.ഡബ്ലിയു.എ കരാറുകാരൻ തമ്മിലുള്ള ത്രികക്ഷികരാർ വാട്ടർ അതോറിറ്റി ഹാജരാക്കിയില്ല. 2024 മാർച്ച് 15 മുതൽ നിരവധിതവണ ജില്ലാ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് വീണ്ടും റിമൈൻഡർ നോട്ടീസ് നൽകിയതിനു ശേഷം 2024 ഒക്ടോബർ എട്ടിനാണ് വാട്ടർ അതോറിറ്റി കരാറിന് തയ്യാറായത്.
കരാറിൽ ഏർപ്പെട്ടിട്ടും വാട്ടർ അതോറിറ്റി പ്രവൃത്തി തുടങ്ങാൻ കാലതാമസം വരുത്തിയപ്പോഴും ട്രഞ്ച് കീറിയതിനുശേഷം രണ്ടുമാസം കഴിഞ്ഞിട്ടും റീസ്റ്റോറേഷൻ നടത്താൻ തയ്യാറാകാത്തതിനാലും പ്രദേശത്തെ യു.ഡി.എഫ് നേതാക്കളും ജില്ലാ പഞ്ചായത്ത് മെമ്പറും നിരവധി തവണ മലപ്പുറം വാട്ടർ അതോറിറ്റിയിൽ കയറിയിറങ്ങി നിരന്തരമായി എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം ഉദ്യോഗസ്ഥരിൽ ശക്തമായ സമ്മർദം ചെലുത്തുന്ന സമയത്തെല്ലാം സ്ഥലം എം.എൽ.എയും ഗ്രാമപഞ്ചായത്തും സി.പി.എം നേതാക്കളും മൗനികളായിരുന്നു. പൊന്നാനി എം.പി അബ്ദുസ്സമദ് സമദാനിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയും ഇടപെട്ടതിനു ശേഷമാണ് റീസ്റ്റോറേഷൻ പ്രവൃത്തികൾ പി.ഡബ്ല്യു.ഡി സ്കീമിൽ ഉൾപ്പെടുത്തി മറ്റൊരു കരാറുകാരനെ കൊണ്ട് വാട്ടർ അതോറിറ്റി റീസ്റ്റോറേഷൻ തുടങ്ങാൻ നിർബന്ധിതമായതെന്നും കരാറു പ്രകാരം ഫെബ്രുവരിയിൽ പൂർത്തീകരിക്കേണ്ട പ്രവൃത്തി കാലവർഷം വരുന്നത് വരെ വാട്ടർ അതോറിറ്റി നീട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ദീർഘവീക്ഷണമില്ലാതെ പദ്ധതിക്ക് ആവശ്യമായ മാച്ചിങ് ഗ്രാൻഡ് യഥാസമയം അനുവദിക്കാതെ സർക്കാരും റീസ്റ്റോറേഷൻ തുക വകയിരുത്താതെ എം.എൽ.എയും, നടപടിക്രമങ്ങൾ പാലിക്കാതെ തോന്നിയപോലെ അനുമതി നൽകി ജനങ്ങളെ വർഷങ്ങളോളം പ്രയാസപ്പെടുത്തിയ ഗ്രാമപഞ്ചായത്തും ജാള്യത മറക്കാൻ ജില്ലാ പഞ്ചായത്തിനെ കുറ്റപ്പെടുത്തി തടിയൂരാൻ ശ്രമിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ റീസ്റ്റോറേഷൻ പ്രവൃത്തി പൂർത്തീകരിച്ചാൽ മാത്രമേ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു തരാൻ സാധിക്കുകയുള്ളൂ എന്ന് രേഖാമൂലം പഞ്ചായത്ത് എ.ഇ മറുപടി നൽകിയിട്ടുള്ളതിനാൽ മറ്റു പ്രചരണങ്ങൾ രാഷ്ട്രീയ പ്രേരിതവും ഉത്തരവാദിത്വത്തിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും സി.പി.എമ്മിന്റെയും ഒളിച്ചോട്ടമാണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
ഇതരകക്ഷികൾ ചെയ്യുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുക എന്ന സി.പി.എം നയമാണ് ഇക്കാര്യത്തിലും ബോധ്യമാകുന്നത്. അരീക്കാട് പ്രദേശത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫണ്ട് വെച്ച് കോൺക്രീറ്റ് ചെയ്ത106 മീറ്റർ നീളവും 3.1 00 വീതിയുമുള്ള ഗ്രാമപഞ്ചായത്ത് ആസ്തിയിലുള്ള ചുടലക്കൽ കുനിയിൽ പാറ എന്ന പൊതുറോഡ് കയ്യേറാൻ സ്വകാര്യ വ്യക്തിക്ക് ഒത്താശ ചെയ്യുന്നതും സി.പി.എം നേതാക്കളും ഭരണസമിതിയുമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി, ഗ്രാമപഞ്ചായത്ത് മെമ്പർ തെയ്യമ്പാടി കുഞ്ഞിപ്പ, യു.ഡി.എഫ് നേതാക്കളായ കെ.വി. മൊയ്തീൻകുട്ടി, കള്ളിക്കൽ റസാഖ്, കെ.വി. ഖാലിദ്, എം.എം. കാസിം, വി. മജീദ് ഹാജി എന്നിവർ പങ്കെടുത്തു.