പരീക്ഷാവിവാദം:’പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍,വിദ്യാര്‍ത്ഥികളില്‍ കണ്‍ഫ്യൂഷൻ ഉണ്ടാക്കി’;പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളില്‍ കണ്‍ഫ്യൂഷൻ ഉണ്ടാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സംസ്ഥാന സർക്കാർ ആണ് പ്രശ്‌നത്തിന്റെ ഉത്തരവാദിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വിഷയത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല. ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസ രംഗമാണ്. ഇത് കണ്ടാല്‍ വിദ്യാർഥികള്‍ എങ്ങനെ കേരളത്തില്‍ പഠിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഗവർണർ കാവിവല്‍ക്കരണം നടത്തുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്നും യുഡിഎഫ് ഇന്നലെ വിഷയം ചർച്ച ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ വഴുതിരിച്ചു വിടാനുള്ള ശ്രമമാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ശ്രദ്ധ തിരിക്കാൻ സർക്കാർ ഉണ്ടാക്കിയതാണ് വിവാദം. രാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ട് കുട്ടികള്‍ക്ക് മടുപ്പാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സ്‌കൂള്‍ സമയമാറ്റത്തില്‍ സർക്കാർ എടുത്തത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മതവിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസവും ക്ലാഷ് ഇല്ലാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത്. സമസ്തയുടെ സമരം ന്യായമാണ് എന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എന്ത് കാര്യത്തിലും കൂടിയാലോചനകള്‍ നടത്തണം. സൂംബയിലും സർക്കാർ ആരുമായും ചർച്ച നടത്തിയില്ല എന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യപ്പെടുമെന്ന വാർത്തയോട് ഞങ്ങള്‍ ആരും അതറിഞ്ഞിട്ടിട്ടില്ല എന്നായിരുന്നു മറുപടി.