Fincat

ഷാര്‍ജയിലെ ദുരൂഹ മരണം: ഭര്‍ത്താവിനെതിരെ വപിഞ്ചികയുടെ കുടുംബം

ഷാര്‍ജ : ഷാര്‍ജയില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്.

വിപഞ്ചികയെ ഭര്‍തൃ പിതാവിനും ഭര്‍തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നെന്നും, ഭര്‍ത്താവ് നിതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മാതാവ് ഷൈലജ വെളിപ്പെടുത്തി. നിതീഷിന്റെ പീഡനം കാരണമാണ് വിപഞ്ചിക മുടി മുറിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷിനെയും കുടുംബത്തെയും വെറുതെ വിടരുതെന്നും വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടു.

ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലാണ് ഒരേ കയറില്‍ തൂങ്ങിയ നിലയില്‍ വിപഞ്ചികയുടേയും മകള്‍ വൈഭവിയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കിയതാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.