വിദ്യാര്‍ത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍കഴുകിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങില്‍ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാല്‍ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങില്‍ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
കാല്‍ കഴുകലില്‍ വിമർശനവുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്‍ത്തിയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടത് അജ്ഞതയല്ല, അറിവാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ജെയിംസ് സാമുവല്‍ പ്രതികരിച്ചത്. വിദ്യാർത്ഥികളില്‍ ശാസ്ത്ര ബോധവും അറിവും വളർത്തേണ്ട സ്‌കൂളുകള്‍ ജീർണ്ണമായ വ്യവസ്ഥിതിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യം ഇല്ലാതാക്കാനാണ്. അവർണർക്ക് അക്ഷരം നിഷേധിച്ച സവർണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാല്‍പ്പാദങ്ങളില്‍ സമർപ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികള്‍ പഠിക്കേണ്ടതെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടിയിരുന്നു.
ഗുരുപൂർണിമ ദിനത്തില്‍ വ്യാപകമായി ഉണ്ടായ ‘പാദപൂജ’യ്ക്കെതിരെ മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും സംഭവത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.