Fincat

2026 ൽ ബി.ജെ.പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും; തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ വോട്ട് നേടുമെന്നും അമിത്ഷാ

വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അമിത്ഷാ .

സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്തരല്ലെന്ന് പറഞ്ഞ അമിത് ഷാ, മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് പറഞ്ഞു. സ്വർണക്കടത്ത് ആരോപണം ആവർത്തിച്ച അദ്ദേഹം പിണറായി വിജയൻ സ്റ്റേറ്റ് സ്പോൺസേർഡ് അഴിമതി നടത്തിയെന്ന് ആരോപിച്ചു. 2026ൽ കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കും. സർക്കാരുണ്ടാക്കാനാണ് ബിജെപി 2026 ൽ മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ വോട്ട് സംസ്ഥാനത്ത് ബിജെപി നേടും. ബിജെപി ഇല്ലാതെ വികസിത കേരളം ഉണ്ടാകില്ല.

 

അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ്റെ അഭിമാന പദ്ധതികൾ ഉയർ‍ത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരെന്ന് അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അണികളുടെയും ബിജെപി നാടിൻ്റെ വികസനവും ലക്ഷ്യമിടുന്നെന്നും അദ്ദേഹം പറഞ്ഞു.