Fincat

ഐഎച്ച്‌ആര്‍ഡി താത്കാലിക ഡയറക്ടര്‍ നിയമനം; എതിര്‍വിധി എല്ലാവരും അറിഞ്ഞു, അനുകൂലവിധി ആരും അറിഞ്ഞില്ലെന്ന് അരുണ്‍ കുമാര്‍


കൊച്ചി: ഐഎച്ച്‌ആർഡി താത്കാലിക ഡയറക്ടറായി നിയമിച്ചതില്‍ തനിക്കെതിരായി വിധി വന്നിരിക്കുന്നുവെന്ന വാർത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടിയെന്നും എന്നാല്‍ ആ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത വിവരം അധികം പേർ അറിഞ്ഞിട്ടുണ്ടാവില്ലെന്നും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മകൻ വി എ അരുണ്‍ കുമാർ.അങ്ങനെയൊരു വിധി വന്ന വിവരം സ്വന്തം നിലയില്‍ ജനങ്ങളെ അറിയിക്കേണ്ടിവരുന്ന ഒരു നിർഭാഗ്യവാനാണ് താനെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പരാതിക്കാരന്റെ ആവശ്യങ്ങളില്‍ പെടാത്ത ഒരു കാര്യം അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധി വന്നപ്പോള്‍ തനിക്ക് ഒരു പരിഭ്രമവുമുണ്ടായില്ല. അതിനാലാണ് അപ്പീലുമായി മുന്നോട്ട് പോയത്. അപ്പീലില്‍ കഴമ്ബുണ്ടെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി. അങ്ങനെയാണ് തനിക്കനുകൂലമായി സ്റ്റേ ലഭിച്ച പുതിയ വിധിയുണ്ടായതെന്നും അദ്ദേഹം കുറിച്ചു. സിങ്കിള്‍ ബെഞ്ചിന്റെ വിധി പ്രാധാന്യത്തോടെ ജനങ്ങളെ അറിയിച്ചവർ ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് അത്ര പ്രാധാന്യം നല്‍കിയില്ല. മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്കു തന്നെ ഇക്കാര്യം പറയേണ്ടിവന്നുവെന്നും അരുണ്‍കുമാർ കൂട്ടിച്ചേർത്തു.

കമ്ബ്യൂട്ടർ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും തുടർന്ന് നിയമബിരുദവും ബിസിനസ് ലോയിലെ ബിരുദാനന്തര ബിരുദവുമെല്ലാം നേടിയിട്ടും തന്നെ വിടാതെ പിന്തുടരുന്ന യോഗ്യന്മാരെ അവഗണിക്കാം. എന്നാല്‍ ഇപ്പോഴത്തെ വ്യക്തിപരമായ വിഷമസന്ധിയില്‍ പോലും മറുപടി പറയേണ്ടിവരുന്ന ദുസ്ഥിതി മാത്രമാണ് ഇന്ന് തന്നെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

അരുണ്‍കുമാറിനെതിരെ വിധി വന്നിരിക്കുന്നു എന്ന വാർത്തക്ക് വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. പക്ഷെ, ആ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത വിവരം അധികം പേർ അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെയൊരു വിധി വന്ന വിവരം സ്വന്തം നിലയില്‍ ജനങ്ങളെ അറിയിക്കേണ്ടിവരുന്ന ഒരു നിർഭാഗ്യവാനാണ് ഞാൻ. പരാതിക്കാരന്റെ ആവശ്യങ്ങളില്‍ പെടാത്ത ഒരു കാര്യം അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സിങ്കിള്‍ ബെഞ്ച് വിധി വന്നപ്പോള്‍ എനിക്ക് ഒരു പരിഭ്രമവുമുണ്ടായില്ല. അതിനാലാണ് ഞാൻ അപ്പീലുമായി മുന്നോട്ട് പോയത്. അപ്പീലില്‍ കഴമ്ബുണ്ടെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തി. അങ്ങനെയാണ് എനിക്കനുകൂലമായി സ്റ്റേ ലഭിച്ച പുതിയ വിധിയുണ്ടായത്.
പ്രശ്നം അതല്ല. സിങ്കിള്‍ ബെഞ്ചിന്റെ വിധി പ്രാധാന്യത്തോടെ ജനങ്ങളെ അറിയിച്ചവർ ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് അത്ര പ്രാധാന്യം നല്‍കിയില്ല. മടിയില്‍ കനമില്ലാത്തതിനാല്‍ ഞാൻതന്നെ ഇക്കാര്യം പറയേണ്ടിവരുന്നു എന്നതാണ്. സാരമില്ല. നിയമം നിലനില്‍ക്കുന്നിടത്തോളം നീതി ലഭ്യമാവും എന്ന് എനിക്ക് ഉറപ്പുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിച്ചാല്‍ മതിയല്ലോ. കമ്ബ്യൂട്ടർ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും തുടർന്ന് നിയമബിരുദവും ബിസിനസ് ലോയിലെ ബിരുദാനന്തര ബിരുദവുമെല്ലാം നേടിയിട്ടും, എന്നെ വിടാതെ പിന്തുടരുന്ന യോഗ്യന്മാരെ അവഗണിക്കാം. എന്നാല്‍ ഇപ്പോഴത്തെ വ്യക്തിപരമായ വിഷമസന്ധിയില്‍ പോലും മറുപടി പറയേണ്ടിവരുന്ന ദുസ്ഥിതി മാത്രമാണ് ഇന്ന് എന്നെ വിഷമിപ്പിക്കുന്നത്.