Fincat

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍, ദ്രാവിഡിന്റെ റെക്കോഡ് പഴങ്കഥയായി; ഇനി റൂട്ട് പട്ടിക നയിക്കും


ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡ് ഇനി ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പേരില്‍.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് റൂട്ട് മറികടന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിന് മുമ്ബ് 210 ക്യാച്ചുകളാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ കരുണ്‍ നായരുടെ ക്യാച്ചെടുത്തതോടെ നേട്ടം റൂട്ടിന്റ പേരിലായി. 155-ാം ടെസ്റ്റില്‍ നിന്ന് റൂട്ട് എടുക്കുന്ന 211-ാം ക്യാച്ചായിരുന്നത്. ദ്രാവിഡ് ആവട്ടെ 10 ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ കളിച്ചു.
149 ടെസ്റ്റില്‍ നിന്ന് 205 ക്യാച്ചെടുത്ത മുന്‍ ശ്രീലങ്കന്‍ താരം മഹേല ജവര്‍ധനെ തൊട്ടുപിന്നില്‍. ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തും പട്ടികയിലുണ്ട്. 117 ടെസ്റ്റില്‍ നിന്ന് മാത്രം 200 ക്യാച്ചുകളാണ് സ്മിത്ത് എടുത്തത്. 166 ടെസ്റ്റില്‍ നിന്ന് 200 ക്യാച്ചെടുത്ത മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസും സ്മിത്തിനൊപ്പം. കഴിഞ്ഞ ദിവസം സെഞ്ചുറി കണക്കിലും ദ്രാവിഡിനെ പിന്തള്ളാന്‍ റൂട്ടിന് സാധിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറി നേടിയ ജോ റൂട്ട് 36 സെഞ്ചുറികള്‍ വീതം നേടിയ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നു.
സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറി വേട്ടക്കാരില്‍ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51), ജാക്വിസ് കാലിസ് (45), റിക്കി പോണ്ടിംഗ് (41), കുമാര്‍ സംഗക്കാര (38) എന്നിവര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ചുറിയും ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറിയുമാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ചുറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. ലോര്‍ഡ്‌സില്‍ ജോ റൂട്ടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെയും കരിയറിലെ എട്ടാമത്തെയും സെഞ്ചുറിയാണ് ഇന്ന് ഇന്ത്യക്കെതിരെ നേടിയത്.
ഇതിന് മുമ്ബുള്ള രണ്ട് ടെസ്റ്റുകളില്‍ 143, 103 എന്നിങ്ങനെയായിരുന്നു ലോര്‍ഡ്‌സിലെ റൂട്ടിന്റെ സ്‌കോര്‍. ലോര്‍ഡ്‌സില്‍ തുടര്‍ച്ചായായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് റൂട്ട്. 1912-26 കാലഘട്ടത്തില്‍ ജാക് ഹോബും 2004-2005ല്‍ മൈക്കല്‍ വോണും മാത്രമാണ് റൂട്ടിന് മുമ്ബ് ഈ നേട്ടം കൈവരിച്ചവര്‍.