Fincat

‘ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?’ കുട്ടികളുടെ മലയാളം കേട്ട് ഞെട്ടി മന്ത്രി

തിരുവനന്തപുരം: ‘ഇതുപോലെ അഫ്ഗാനിസ്താനിലെ മന്ത്രിക്കൊപ്പം ഇരുന്നിട്ടുണ്ടോ?’ -അവിടെനിന്ന് കേരളത്തില്‍ പഠിക്കാനെത്തിയ കുട്ടികള്‍ തന്നെക്കാണാൻ വന്നപ്പോള്‍ മന്ത്രി വി.ശിവൻകുട്ടി ചോദിച്ചു.

അവിടെ മന്ത്രിയില്ലെന്നായിരുന്നു കുട്ടികളുടെ നിഷ്കളങ്കമായ മറുപടി. അവിടത്തെ സ്കൂളില്‍ ലിഫ്റ്റുണ്ടോയെന്നായി മന്ത്രി. ഇല്ലെന്ന് തലയാട്ടിയ കുട്ടികള്‍ കേരളത്തിലെ സ്കൂളുകള്‍ ‘അടിപൊളി’യാണെന്ന് സർട്ടിഫിക്കറ്റ് നല്‍കി.

ഉത്തരങ്ങളെക്കാള്‍ വിദേശവിദ്യാർഥികളുടെ അക്ഷരത്തെറ്റില്ലാത്ത മലയാളം കേട്ടതായിരുന്നു മന്ത്രിയുടെ സന്തോഷം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ശ്രീകാര്യം ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന അഫ്ഗാൻ സ്വദേശികളും തമ്മിലായിരുന്നു ഈ കൂടിക്കാഴ്ച.

സ്കൂളിലൊരു ചടങ്ങിനുചെന്നപ്പോഴാണ് മന്ത്രി അഫ്ഗാൻവിദ്യാർഥികളെ കണ്ടത്. കേരള സർവകലാശാലയിലെ ഇക്കണോമിക്സ് പഠനവിഭാഗത്തില്‍ ഗവേഷകവിദ്യാർഥിയാണ് കുട്ടികളുടെ അച്ഛൻ ഷഫീഖ് റഹീമി. മന്ത്രിയുടെ ക്ഷണമനുസരിച്ച്‌ അദ്ദേഹം ഭാര്യ സർഗോന റഹീമിയെയും അഞ്ചുമക്കളെയുംകൂട്ടി ഞായറാഴ്ച രാവിലെ വഴുതക്കാട്ടെ മന്ത്രിമന്ദിരമായ റോസ് ഹൗസിലെത്തി.

ശ്രീകാര്യം സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മാർവ, അഹമ്മദ് മുസമീല്‍, മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മൻസൂർ എന്നിവർക്കുപുറമേ, അഞ്ചുവയസ്സുകാരൻ അഹമ്മദ് മഹിൻ, മൂന്നരവയസ്സുള്ള മഹ്നാസ് എന്നിവരാണ് ഈ ദമ്ബതിമാരുടെ മക്കള്‍.

ഭാര്യ ആർ. പാർവതീദേവിക്കൊപ്പം മന്ത്രി അവരെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ പേരുചോദിച്ചപ്പോള്‍ അവർ ഉത്തരം നല്‍കി. മുഖ്യമന്ത്രിയുടെ പേര് പെട്ടെന്നു കിട്ടിയില്ല. ‘പിണറായി’ എന്ന് മന്ത്രി പറഞ്ഞപ്പോള്‍ ‘വിജയൻ’ എന്ന് അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസമന്ത്രിയുടെ പേരുചോദിച്ചപ്പോള്‍ ചിരിച്ച്‌ ആളെ ചൂണ്ടിക്കാട്ടി. മഹിനെയും മഹ്നാസിനെയും കേരളത്തില്‍ത്തന്നെ പ്രീ സ്കൂളില്‍ ചേർക്കുമെന്ന് രക്ഷിതാക്കള്‍ മന്ത്രിയെ അറിയിച്ചു.

അതിഥികള്‍ക്കായി മന്ത്രിമന്ദിരത്തില്‍ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. മറ്റുരാജ്യങ്ങളിലെ കുട്ടികള്‍ കേരളത്തിലെ പൊതുവിദ്യാലയത്തില്‍ പഠിച്ച്‌ നല്ല രീതിയില്‍ മലയാളം പറയുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.