‘ബ്ലഡ് ഡോണേഴ്സ് കേരള’ (BDK ) സ്ഥാപകൻ വിനോദ് ഭാസ്കരൻ അന്തരിച്ചു
ലക്ഷക്കണക്കിന് രോഗികൾക്ക് അവശ്യ ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകിയ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന സ്ഥാപിച്ച വിനോദ് ഭാസ്കരൻ അന്തരിച്ചു. 48 വയസായിരുന്നു. കരൾ രോഗം കാരണം കുറച്ച് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ എത്തിയ ശേഷമായിരിക്കും സംസ്കാരം.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് വിനോദ് ഭാസ്കരൻ. കെ എസ് ആർ ടി സി ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസം ആയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. 2011ൽ സാമൂഹ്യ സേവനമെന്ന ആശയം മുൻനിർത്തി തുടങ്ങിയ വീ ഹെൽപ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രികളിൽ രക്ത ദാനത്തിന്‍റെ ആവശ്യകത മനസ്സിലാക്കി തുടങ്ങിയ സംഘടനയാണിത്. പിന്നീട് സംസ്ഥനമാകെ വലിയ കൂട്ടായ്മയായി അത് വളർന്നു.
താങ്ങാൻ പറ്റുന്നതിനേക്കാൾ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകാംഗങ്ങളിൽ ഒരാളായ വിനോദ് ബാബു അനുസ്മരിച്ചു. എല്ലാ സന്നദ്ധ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ആളായിരുന്നു അദ്ദേഹം. എല്ലാവരെയും സഹായിക്കുന്ന മനസായിരുന്നു വിനോദ് ഭാസ്കരനെന്നും വിനോദ് ബാബു പറഞ്ഞു.