Fincat

കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ നേതാവ് മാരെല്ലി അനിൽ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. അതേസമയം, മരണകാരണം വ്യക്തമല്ല.

ദേഹത്ത് വെടി കൊണ്ട പാടുണ്ടോ എന്ന് പരിശോധിച്ച് പറയാമെന്ന് പൊലീസ് അറിയിച്ചു. തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ട്. ഒരേ ദിവസം രണ്ട് രാഷ്ട്രീയ നേതാക്കളുടെ ദുരൂഹമരണം. രാവിലെ ഹൈദരാബാദിൽ സിപിഐ സംസ്ഥാനകൗൺസിൽ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയിൽ കോൺഗ്രസ് നേതാവിനേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.