Fincat

ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ കുട്ടികൾക്ക് നിളയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു

തിരുനാവായ:ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആറു വർഷം മുൻപ് മെട്രോ മാൻ ഡോ. ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ. ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ/കോളേജ് കുട്ടികൾക്കായി നടത്തുന്ന റിവർ യൂത്ത് പാർലമെൻ്റിൻ്റെ നാലാം വാർഷികസമ്മേളനം തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എഫ്.ഒ. ബി. ഭരണസമിതി അംഗം എംബ്രഹ്മദത്തൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. നിളയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിഹാരം കൊണ്ടുവരുന്നതിന് പുതിയതലമുറയിൽ മാത്രമേ വിശ്വാസവും പ്രതീക്ഷയുമുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് കൂടുതൽ ആഘാതം ഉണ്ടാകാത്ത തരത്തിലുള്ള വികസന പ്രവർത്തനമാണ് നടക്കേണ്ടതെന്നും ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.എഫ്.ഒ. ബി ജനറൽ സെക്രട്ടറി വിനോദ് നമ്പ്യാർ എം , ട്രഷറർ ഇ എം ഉണ്ണികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോസ്, കലാ ചരിത്ര നിരൂപക ഡോ.വിനി ദേവയാനി, ഒ. ശ്രീനാഥൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുഴയ്ക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമായ നിളാ വൃത്താന്തം എന്ന മുഖപത്രത്തിൻ്റെ പ്രകാശനം നടത്തി. ഇരുപത്തഞ്ചോളം സ്കൂളുകളിൽ നിന്നും മലയാളം സർവ്വകലാശാല, കാലടി സംസ്കൃതസർവ്വകലാശാല, തുഞ്ചൻ മെമ്മോറിയൽ ഗവ: കോളേജ്, എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് ആൻറ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുമായി മുന്നൂറോളം വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. പുഴമലിനീകരണം എന്ന വിഷയത്തിൽ “ഞങ്ങൾക്കും പറയാനുണ്ട് “എന്ന പേരിൽ പതിനഞ്ചോളം വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പി .പി. ടി. അവതരണവും അവയുടെ ക്രോടീകരണവും ഉണ്ടായിരുന്നു.