ഇതിലും വലുത് എന്തോ വരാൻ ഇരിക്കുന്നുണ്ട്. പാപ്പനും പിള്ളേരും മൂന്നാം അങ്കത്തിന് റെഡി !
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററില്‍ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റല്‍ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്.തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആരാധകരെ ആവേശത്തിലാഴ്ത്തുന്ന രീതിയില്‍ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. സിനിമയുടെ സെറ്റ് വർക്കുകളും മറ്റും പൂർത്തിയാകുന്ന ഭാഗങ്ങളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറക്കല്‍ അബുവിനേയും സർബത്ത് ഷമീറിനെയും ഡ്യുഡിനെയും എല്ലാം വീണ്ടും ആഘോഷിക്കാൻ ആരാധകർ കാത്തിരിക്കുകയാണ്.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ ജോയിൻ ചെയ്യുന്നതായി ജയസൂര്യയും അറിയിച്ചിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.