കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; കാലുകൾ ചങ്ങലയിൽ ബന്ധിച്ച്,കണ്ണുകൾകെട്ടിയ നിലയിലും
ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസി ബെൻസിംഗറി(39)ന്‍റെ മൃതദേഹമാണ് കാലുകളിൽ ഇരുമ്പു ചങ്ങല കൊണ്ടു മണൽ നിറച്ച മൂന്നു കന്നാസുകളും ചേർത്ത് കെട്ടി പൂട്ടുകൊണ്ട് പൂട്ടിയും തോർത്ത് കൊണ്ട് കണ്ണുകൾകെട്ടിയ നിലയിലും കണ്ടെത്തിയത്. പൂവാർ പൊഴിയൂർ ഭാഗത്തായി കടലിൽ പൊങ്ങിക്കിടന്ന നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പൂവാർ പള്ളം പുരയിടം സ്വദേശിയാണെങ്കിലും ഒൻപത് വർഷമായി വിഴിഞ്ഞത്തായിരുന്നു താമസം.
മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽ നിന്നുള്ള വിവരമെന്നു കോസ്‌റ്റൽ പൊലീസ് പറഞ്ഞു. ഇയാളുടെ വള്ളത്തിൽ നിന്നു ലഭിച്ച മൊബൈൽ ഫോണിൽ മൃതദ്ദേഹത്തിലെ കെട്ടും കന്നാസുകളും സംബന്ധിച്ച നിർണായക ദൃശ്യങ്ങളുണ്ടെന്നു പൊലീസ് സൂചന നൽകി. ഒരു മൊബൈൽ ഫോണും നാലു സിം കാർഡുകളും കാണാതായിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം സംഭവം സംബന്ധിച്ച് സംശയങ്ങളൊന്നുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഈ മാസം 1ന് രാത്രി ഒറ്റയ്ക്ക് മത്സ്യബന്ധനത്തിനു പോയ ബെൻസിംഗറിനെയാണ് കടലിൽ കാണാതായിരുന്നത്. പിന്നീട് വിവിധ സംഘങ്ങൾ കടലിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. മീൻപിടിത്ത തുറമുഖ പ്രവേശന കവാട ഭാഗത്തിനോടടുത്ത് കണ്ടെത്തിയ വള്ളത്തിൽ നിന്ന് ഒരു മൊബൈൽ ഫോണും ചെരുപ്പും, താക്കോലും കണ്ടെത്തിയിരുന്നു. ഈ താക്കോലുപയോഗിച്ചാണ് കാലുകളിലെ ചങ്ങല പൂട്ട് തുറക്കാനായതെന്നു കോസ്റ്റൽ പൊലീസ് പറഞ്ഞു. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കാലുകളിൽ കെട്ടിയിരുന്നത് നായയെ കെട്ടാനുപയോഗിക്കുന്ന ചങ്ങലയാണെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.
ആന്തരിക അവയങ്ങൾ രാസപരിശോധനക്കായി ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടു നൽകിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. സംഭവം സംബന്ധിച്ചു വിശദ അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു. കണ്ടെടുത്ത മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്കായി ഫൊറൻസിക് വിഭാഗത്തിനു കൈമാറി. വി.ബെൻസിംഗറിന്റെ ഭാര്യ: ജിൻസി.മകൻ: ദിശാൻ.ജെ.ബെൻ.