Fincat

റെഡ് അലര്‍ട്ട്; ഇന്ന് 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, അടുത്ത 2 ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. തെക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിനു മുകളില്‍ തീവ്ര ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത രണ്ട് ദിവസം വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മലയോര മേഖലകളില്‍ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

അവധി മുന്നറിയിപ്പ്

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ക്കും, മതപഠന സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍, സ്?പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമാണ്. അതേസമയം, പ്രഫഷനല്‍, സര്‍വകലാശാല, മറ്റ് വകുപ്പ് പരീക്ഷകള്‍ എന്നിവയുള്‍പ്പെടെ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ സമയത്തിലും മാറ്റമുണ്ടാകില്ല.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്.