‘ഇസ്ലാംപൂരിന്റെ പേര് മാറ്റി പകരം ‘ഈശ്വര്‍പുര്‍’എന്നാക്കും; മഹാരാഷ്ട്ര മന്ത്രി സഭാ യോഗത്തില്‍ തീരുമാനം
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ‘ഇസ്ലാംപുര്‍ എന്ന സ്ഥലത്തിന്റെ പേര് ഈശ്വര്‍പുര്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥലത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാന്‍, ഇസ്‌ലാംപുരിന്റെ പേര് ‘ഈശ്വര്‍പുര്‍’ എന്നാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം അയച്ചിരുന്നു. തുടര്‍ന്നാണ് പേര് മാറ്റാനുള്ള നീക്കം തുടങ്ങിയത്. നേരത്തെയും സ്ഥലനാമം മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ വ്യാപകമായി സ്ഥലപ്പേരുകള്‍ മാറ്റിയിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്ത എട്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേരും മാറ്റി. 2022 ല്‍ ഔറംഗബാദ് ജില്ലയെ ഛത്രപതി സംഭാജി നഗറെന്നും ഒസ്മാനാബാദിനെ ധാരശിവ് എന്നും മഹാരാഷ്ട്ര പുനര്‍നാമകരണം ചെയ്തു.