അമ്മയ്ക്കരികെ ഉറങ്ങിയ കുഞ്ഞിന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു; സിസിടിവി അരിച്ചുപെറുക്കി 24കാരനെ പൊക്കി
ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വര്‍ണമാല വീട്ടില്‍ കയറി മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റില്‍. പൂന്തുറ മാണിക്കംവിളാകം സ്വദേശി സമ്മില്‍ (24) നെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
വീടിനുള്ളിലേക്ക് കയറിയ പ്രതി അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ ഏഴ് ഗ്രാമോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞിന്റെ മാല നഷ്ടപ്പെട്ടതറിയുന്നത്. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ബീമാപള്ളി, മാണിക്യവിളാകം അടക്കമുള്ള മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.