Fincat

ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 221 ആയി, ഇതില്‍ 204 പേര്‍ ബസ്തര്‍ മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഈ വര്‍ഷം കൂടുതലാണ്.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ സംയുക്ത സംഘങ്ങള്‍ തിരച്ചില്‍ ആരംഭിക്കുകയും പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങലില്‍ തെലങ്കാനയില്‍ അഞ്ച് മാവോവാദികള്‍ കീഴടങ്ങിയിരുന്നു. ഇതില്‍ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുളുകു പൊലീസ് സൂപ്രണ്ട് ഡോ. പി ശബരീഷിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് ശബരീഷ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വര്‍ഷം 73 മാവോവാദികള്‍ ഇത്തരത്തില്‍ കീഴടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ‘ഗ്രാമമാണ് യുദ്ധത്തെക്കാള്‍ നല്ലത്, നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങൂ’ എന്ന പേരില്‍ തെലങ്കാന പൊലീസും സിആര്‍പിഎഫും മേഖലയില്‍ ബോധവത്കരണം നടത്തുന്നുണ്ടായിരുന്നു. കീഴടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങളും നല്‍കുന്നുണ്ട്. നിലവില്‍ കീഴടങ്ങിയ അഞ്ചുപേര്‍ക്കും 25,000 രൂപവീതമാണ് നല്‍കിയിട്ടുള്ളത്.