അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് തല്ലിച്ചതച്ചു
അഞ്ചാം ക്ലാസുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് വാടകവീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കയ്യും അടിച്ചുപൊട്ടിച്ച നിലയിലാണ്. ട്യൂഷന് പോകാത്തതിനും അമ്മയുടെ സുഹൃത്തിനെ ഇഷ്ടമല്ലെന്ന് പറഞ്ഞിനുമാണ് അടിച്ചതെന്ന് കുട്ടി പറയുന്നു.
ഞാനൊരു ദിവസം ട്യൂഷന് പോകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയും ആ മാമനും ചേര്‍ന്ന് അടിച്ചു. എനിക്കാ മാമന്‍ വരുന്നത് ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോ വീണ്ടും അടിച്ചു. താഴെവീണിട്ടും അടിച്ചു. കാലിലും കയ്യിലും മുട്ടിലും അടിച്ചു. പിന്നെ കഴുത്തിന് പിടിച്ചു. സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാര്യവട്ടം സ്വദേശിയായ സജിയും ഭാര്യ അനുവും അകന്ന് കഴിയുകയാണ്. അനുവും മകനും ആനന്ദേശ്വരത്തുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. അനുവും ആണ്‍സുഹൃത്ത് പ്രണവും ചേര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്ന് അച്ഛന്‍ സജി നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെയും സമാന രീതിയില്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നിരിക്കുകയാണ്.