Fincat

അവസാനമായി മിഥുൻ സ്കൂള്‍ മുറ്റത്ത്; അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍


കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂള്‍ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങള്‍.വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം അല്‍പസമയത്തിനുള്ളില്‍ വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ മിഥുന്റെ സംസ്കാരം നടക്കും. വിദേശത്തായിരുന്ന അമ്മ സുജ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂള്‍ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതായാണ് ഉത്തരവില്‍ പറയുന്നത്. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നല്‍കി.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിർമ്മിച്ചു നല്‍കും. ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തര സഹായമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.