ജന്മദിനത്തിന്‍റെ അന്ന് അതുല്യയുടെ മരണവും, ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ(30)യുടെ ജന്മദിനമായിരുന്നു ഇന്നലെ. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് അതുല്യയെ ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റില്‍ അറിയിച്ചിട്ടുണ്ട്.
കേസ് നടന്നത് യുഎഇയിലായതിനാല്‍ നിലവില്‍ യുഎഇയിലെ നിയമ നടപടികളാണ് കേസില്‍ പ്രധാനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അതുല്യ ഭര്‍ത്താവിനൊപ്പം യുഎഇയിലാണ് താമസിക്കുന്നത്. ഭര്‍ത്താവില്‍ നിന്ന് ശാരീരിക പീഡനം അതുല്യ അനുഭവിച്ചിരുന്നെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് മുമ്പ് ഭര്‍ത്താവിനെതിരെ യുഎഇയിൽ കേസൊന്നും കൊടുത്തിട്ടില്ല. നിലവില്‍ അതുല്യയുടെ സഹോദരിയും ഭര്‍ത്താവും യുഎഇയിലുണ്ട്. അതുല്യയുടെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തും. അസ്വാഭാവിക മരണമായത് കൊണ്ട് നടപടിക്രമങ്ങള്‍ നീളാനാണ് സാധ്യത. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. അതുല്യക്ക് പുതിയൊരു ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സമീപിച്ചിട്ടുണ്ട്. നിലവില്‍ ദുബൈ കോൺസുലേറ്റുമായും ബന്ധപ്പെട്ടിട്ടുണ്ട്. കേസില്‍ വീഡിയോ തെളിവുകള്‍ നിര്‍ണായകമാകും.
ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. കൊലപാതക കുറ്റം ചുമത്തിയാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. 10 വയസുള്ള മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾക്ക് ഒപ്പം നാട്ടിലാണ്.