Fincat

എംവിഡി ഓഫീസുകളിൽ വൻ കൈക്കൂലി; 22 ലക്ഷത്തോളം രൂപ പിടിച്ചു, ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർ കൈ പറ്റിയത് 7 ലക്ഷത്തിലേറെ

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ വീൽസ് മിന്നൽ പരിശോധനയിലൂടെ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. 11 ഏജന്റുമാരിൽ നിന്നായി പരിശോധനക്കിടെ 1,40,1760 രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. 21 എംവിഡി ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി മാത്രം 7 ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി.

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ഒരേ സമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കും ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ പരിശോധന നടത്തിയത്.

ഡ്രൈവിംഗ് ടെസ്റ്റുകൾ പാസാക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി അപേക്ഷകരിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഏജന്റുമാരും പണം വാങ്ങി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഈ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. പല ഓഫീസുകളിലും ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ ബന്ധം നിലനിന്നിരുന്നതായും പരിശോധനയിൽ വ്യക്തമായി.

മൊബൈൽ ഫോണിലെ ഡിജിറ്റൽ ഇടപാടുകൾ പരിശോധിച്ചതിൽ നിന്നാണ് 21 ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി വലിയ തുകകൾ കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.