വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും; കോച്ചിനെ പുറത്താക്കാനാവാതെ പാക് ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്താന്‍ ക്രിക്കറ്റില്‍ വീണ്ടും പൊട്ടിത്തെറി. ടീമിലെ ഇടക്കാല ടെസ്റ്റ് ടീം കോച്ച് അസ്ഹര്‍ മഹമൂദിനെച്ചൊല്ലിയാണ് ക്രിക്കറ്റ് ബോര്‍ഡില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നത്.അസ്ഹറിന്റെ കോച്ചിങ് ശൈലിയില്‍ സെലക്ടറും മുന്‍ പേസറുമായ ആഖിബ് ജാവേദ് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം അസ്ഹർ മഹമൂദിനെ ക്രിക്കറ്റ് ബോർഡ് പറഞ്ഞു വിടാത്തതിന് കാരണം വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടതു ഭയന്നിട്ടാണെന്ന വാർത്തകള്‍ പുറത്തുവരുന്നുണ്ട്. അസ്ഹറിനെ കരാർ കാലാവധി തീരുംമുൻപേ പുറത്താക്കണമെങ്കില്‍ 450 മില്ല്യണ്‍ പാകിസ്താൻ രൂപ (ഏകദേശം 1.38 കോടി ഇന്ത്യൻ രൂപ) നല്‍കേണ്ടി വരും. ഇത് നല്‍കാൻ സാധിക്കാത്തതുകാരണമാണ് അസ്ഹർ മഹമൂദ് ഇപ്പോഴും പരിശീലക സ്ഥാനത്തു തുടരുന്നതെന്ന് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.
അടുത്ത വർഷം മേയ് വരെയാണ് പിസിബിയുമായി അസ്ഹർ മഹമൂദിന് കരാറുള്ളത്. മാനേജ്മെന്റിന് താല്‍പര്യമില്ലെങ്കിലും കരാർ നിലനില്‍ക്കുന്നതിനാല്‍ അസ്ഹർ മഹമൂദിനെ പരിശീലകനായി തുടരാന്‍ അനുവദിക്കുകയായിരുന്നു . 22 ലക്ഷം രൂപയിലേറെയാണ് മഹ്മൂദിന് മാസ ശമ്ബളം. ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനായി മൈക്ക് ഹെസന്‍ ചുമതലയേറ്റതോടെയാണ് പാക് ടീമില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തത്.