ഇര്‍ഷാദ് കൊലപാതകക്കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിക്കും.

എടപ്പാൾ: ചങ്ങരംകുളം പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകക്കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊല്ലപ്പെട്ട ഇർഷാദ്

പ്രതികള്‍ക്ക് ക്ലോറോംഫോം എത്തിച്ച്‌ നല്‍കിയ കാഞ്ഞിരമുക്ക് സ്വദേശിയേയും ഇര്‍ഷാദിന്റെ മൃതദേഹം കൊണ്ടുപോയ കാര്‍ വൃത്തിയാക്കി നല്‍കിയ സര്‍വീസ് സ്‌റ്റേഷനിലെ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തേക്കും.

ഇര്‍ഷാദിനെ ബോധരഹിതനാക്കാന്‍ ക്ലോറോഫോം എത്തിച്ച്‌ നല്‍കിയ ആളെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുാനിച്ചു. ഇര്‍ഷാദിന്റെ മൃതദേഹം കിണറ്റില്‍ തള്ളാന്‍ പ്രതികളുപയോഗിച്ച കാറില്‍ രക്തക്കറ ഉണ്ടായിരുന്നു. കൊലപാതകശേഷം കാര്‍ കഴുകിയ സര്‍വീസ് സ്‌റ്റേഷനിലെ ജീവനക്കാരന്‍ ഇത് കണ്ടിരുന്നു.

പ്രതികള്‍ ഇയാളെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ഈ ജീവനക്കാരനെയും ചോദ്യം ചെയ്യും.

ഇര്‍ഷാദിനെ തലയ്ക്ക് പിന്നില്‍ അടിച്ചശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി. ഇക്കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. എല്ലുകള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ രാസപരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കുമായി അയച്ചിട്ടുണ്ട്. ഇത് ലഭിച്ചാല്‍ കൊല്ലപ്പെട്ടത് ഇര്‍ഷാദ് തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാം.

കൊലയ്ക്ക് ഉപയോഗിച്ച ആയുധം, ഇര്‍ഷാദിന്റെ വസ്ത്രങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപേക്ഷിച്ച ഇടങ്ങളില്‍ നിന്ന് വീണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധന നടത്തും. അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ ഇര്‍ഷാദിന്റെ മൃതദേഹം കബറടക്കി.