Fincat

വന്‍ സുരക്ഷാ സജീകരണമുള്ള മുന്‍വാതില്‍ പൊളിച്ചില്ല, ഫ്‌ലാറ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ സാഹസികമായി രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

തൃക്കാക്കര: ഫ്‌ളാറ്റിന്റെ ഡോര്‍ ലോക്കായി ഉള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ സാഹസികമായി സഹായിച്ച് തൃക്കാക്കര ഫയര്‍ഫോഴ്‌സ്. തൃക്കാക്കര ചെമ്പുമുക്ക് ജോയ് അലുക്കാസ് ഗോള്‍ഡ് ടവറിന്റെ 5ാമത്തെ നിലയിലെ ഫ്‌ലാറ്റിന്റെ ബെഡ്‌റൂമില്‍ ഡോര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലോക്ക് ആയതോടെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉള്ളില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും കയറില്‍ തൂങ്ങി താഴത്തെ നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലെ ജനാല വഴി ഉള്ളില്‍ പ്രവേശിച്ചു.

തുടര്‍ന്ന് വാതില്‍ പൊളിച്ച് വിദ്യാര്‍ഥിനിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ചിത്രന്‍ സാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആഡംബര ഫ്‌ലാറ്റിന്റെ മുറിയിലെ വാതിലിന്റെ തകരാറിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി കുടുങ്ങിയത്. വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള പ്രധാന വാതില്‍ തകര്‍ത്താലുണ്ടാവുന്ന നഷ്ടം കണക്കിലെടുത്താണ് സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയെതെന്നാണ് ഫയര്‍ ഫോഴ്‌സ് വിശദമാക്കുന്നത്.

മറ്റൊരു സംഭവത്തില്‍ ശ്രീനാരായണപുരത്ത് കുളത്തില്‍ കുളിക്കുന്നതിനിടയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്ന യുവാവിന്റെ നഷ്ടമായ ഫോണ്‍ വീണ്ടെടുത്ത് നല്‍കി ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം. പൊരിബസാര്‍ ഊമന്‍കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് എറിയാട് സ്വദേശി കൊല്ലിയില്‍ ഇംതിയാസിന്റെ ഐഫോണ്‍ മാക്‌സ് സിക്സ്റ്റിന്‍ പ്രോഫോണ്‍ കുളത്തില്‍ വീണു കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സന്തോഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ ഉല്ലാസ്, അജിത്ത്, വിഷ്ണുദാസ് എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍ കണ്ടെടുത്തത്.