23 വര്‍ഷത്തിന് ശേഷം ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍
ചെസ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) ആണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്.23 വർഷങ്ങള്‍ക്ക് ശേഷമാണ് ഫിഡെ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.
ഈ വര്‍ഷം ഒക്ടോബർ 30 മുതല്‍ നവംബർ 27 വരെയാണ് ഫിഡെ ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് വേദിയാവുക എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. 29 ദിവസം നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ടൂർണമെന്റിന് ഗോവയോ അഹമ്മദാബാദോ വേദിയാകാനാണ് കൂടുതല്‍ സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നോക്കൗട്ട് ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. 206 താരങ്ങള്‍ മാറ്റുരയ്ക്കും. 2021 മുതല്‍ ഈ ഫോര്‍മാറ്റിലാണ് ലോകകപ്പ് അരങ്ങേറുന്നത്. തോല്‍ക്കുന്ന താരത്തിന് പിന്നീട് അവസരം ലഭിക്കില്ല. ഓരോ റൗണ്ട് 3 ദിവസം നീളുന്നതായിരിക്കും. ആദ്യ രണ്ട് ദിവസം ക്ലാസിക്കല്‍ പോരാട്ടങ്ങള്‍ക്കായിരിക്കും. ക്ലാസിക്കല്‍ മത്സരങ്ങളില്‍ ഫലമില്ലെങ്കില്‍ വിജയിയെ തീരുമാനിക്കാൻ മൂന്നാം ദിനം ടൈ ബ്രേക്കറുകള്‍ കളിക്കണം. ആദ്യ 50 സീഡുകാര്‍ക്ക് ഒന്നാം റൗണ്ടില്‍ ബൈ ലഭിക്കും. 51 മുതല്‍ 206 വരെ സീഡുള്ള താരങ്ങളായിരിക്കും ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കുക.