രണ്ട് സിക്‌സറടിച്ച് തുടങ്ങി, പിന്നാലെ മടക്കം; രണ്ടാം യൂത്ത് ടെസ്റ്റില്‍ തിളങ്ങാനാവാതെ വൈഭവ്
ഇംഗ്ലണ്ടുമായുള്ള രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക യൂത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി.ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഇറങ്ങിയ 14 കാരന്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെയാണ് പുറത്തായത്.
ചെംസ്ഫോഡില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് തുടങ്ങിയെങ്കിലും മികച്ച സ്കോറിലേക്ക് മുന്നേറാൻ സൂര്യവംശിക്കായില്ല. മറ്റൊരു വെടിക്കെട്ട് ഇന്നിങ്സ് പ്രതീക്ഷിച്ച ആരാധകരെ ഇത് നിരാശപ്പെടുത്തി. 14 പന്തില്‍ നിന്ന് രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 20 റണ്‍സെടുത്താണ് വൈഭവിന്റെ മടക്കം.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അണ്ടർ 19 ടീം ആദ്യ ഇന്നിങ്സില്‍ 309 റണ്‍സിന് പുറത്തായി. മറുപടിയായി ഒന്നാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്നാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ സിക്സറടിച്ചാണ് വൈഭവ് തുടങ്ങിയത്.
ആറാം ഓവറിലെ ആദ്യ ബോളില്‍ സിക്‌സറുമായാണ് വൈഭവ് തുടങ്ങിയത്. കളിയില്‍ താരത്തിന്റെ രണ്ടാം സിക്‌സര്‍. പക്ഷെ വൈഭവ് ഒരു അബദ്ധം കാണിച്ചു. ആവേശം മൂത്ത് തൊട്ടുത്ത ബോളില്‍ മറ്റൊരു വമ്ബന്‍ ഷോട്ടിനു ശ്രമം. പുള്‍ ഷോട്ടാണ് താരം കളിച്ചത്. പക്ഷെ ടോപ് എഡ്ജായ ബോള്‍ ഡീപ്പ് ഫൈന്‍ ലെഗില്‍ നേരെ ഫീല്‍ഡറുടെ കൈകിലെത്തുകയായിരുന്നു.
അതേസമയം രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ 51/1 എന്ന നിലയിലാണ് ഇന്ത്യ. 24 റണ്‍സോടെ ക്യാപ്റ്റൻ ആയുഷ് മാത്രെയും ആറ് റണ്‍സുമായി വിഹാൻ മല്‍ഹോത്രയുമാണ് ക്രീസില്‍. നേരത്തെ പരമ്ബരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ജയിക്കുന്ന ടീം പരമ്ബര സ്വന്തമാക്കും.