വീടിന് മുകളില്‍ മരം വീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം
കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മല്‍ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റില്‍ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. ഓടുമേഞ്ഞ വീടിയായിരുന്നു.
അതിവേഗതയില്‍ വീശിയ കാറ്റാണ് ഇന്നലെ ജില്ലയില്‍ ഉണ്ടായത്. തുടര്‍ന്ന് വീടിന് സമീപത്തെ മരം ഒടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ചുഴലിക്കാറ്റില്‍ പ്രദേശത്ത് വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേര്‍ന്ന്
ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്.