കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്
കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്‍മ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാര്‍ഗിലില്‍ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യന്‍ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വര്‍ഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യന്‍ സൈന്യത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാര്‍ഗിലില്‍ നിന്ന് ഇന്ത്യന്‍ സൈന്യം തുരത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 5,000 മീറ്റര്‍ ഉയരത്തില്‍, തണുത്തുറഞ്ഞ മഞ്ഞില്‍ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.
വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ പിന്‍മാറുകയാണ് പതിവ്. ശേഷം തണുപ്പ് കുറയുമ്പോള്‍ തിരിച്ചുവരികയും ചെയ്യും. എന്നാല്‍ 1999ല്‍ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചുവന്നു. ഏറെ വൈകി മെയ് മാസത്തിലാണ് പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്.. പ്രദേശത്ത് ആട് മേയ്ക്കുന്നവര്‍ നല്‍കിയ വിവരം നിര്‍ണായകമായി. പിന്നീടുള്ള സൈന്യത്തിന്റെ നീക്കം ചടുലമായിരുന്നു. ആദ്യം പട്രോള്‍ സംഘങ്ങള്‍ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടല്‍ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവില്‍ പാക്കിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു.
ക്യാപ്റ്റന്‍ ജെറി പ്രേം രാജ്, ലാന്‍സ് നായ്ക്ക് സജി കുമാര്‍, ലെഫ്. കേണല്‍ ആര്‍ വിശ്വനാഥന്‍ തുടങ്ങി നിരവധി മലയാളികള്‍ ഉള്‍പ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു.